/

ദേശീയപാതയോരത്തെ അനധികൃത പാര്‍ക്കിംഗ്; നടപടി കര്‍ശനമാക്കി ജില്ലാ ഭരണകൂടം

9 മിനിറ്റ് വായിച്ചു

കണ്ണൂര്‍ : അപകടങ്ങള്‍ക്ക് കാരണമാവും വിധം ദേശീയപാതയോരങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ നടപടികള്‍ ശക്തമാക്കി ജില്ലാ ഭരണകൂടം. റോഡ് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം പോലിസും മോട്ടോര്‍വാഹന വകുപ്പും നടത്തിയ പരിശോധനകളില്‍ നവംബര്‍ ആറു മുതല്‍ 450ഓളം വാഹനങ്ങള്‍ക്കെതിരേയാണ് അനധികൃത പാര്‍ക്കിംഗിന്റെ പേരില്‍ നടപടി സ്വീകരിച്ചത്. ഇവരില്‍ നിന്ന് 1,86,500 രൂപ പിഴ ഈടാക്കുകയും ചെയ്തു.

ചാല ജംഗ്ഷന്‍ മുതല്‍ നടാല്‍ ഗേറ്റ് വരെയുള്ള ഭാഗങ്ങളില്‍ എടക്കാട് പോലിസ് സ്‌റ്റേഷന്‍, ഹൈവേ പട്രോളിംഗ് ടീമുകള്‍ നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി പാര്‍ക്ക് ചെയ്ത 228 വാഹനങ്ങള്‍ കണ്ടെത്തുകയും 1,33,000 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ചാല ഭാഗങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ 214 അനധികൃത പാര്‍ക്കിംഗുകള്‍ കണ്ടെത്തുകയും 53,500 രൂപ പിഴയിടുകയും ചെയ്തു. നവംബര്‍ ആറിന് ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

റോഡ് അപകടങ്ങളില്‍ കുറയ്ക്കുന്നതിനായി അപകടസാധ്യതയുള്ള ഇടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ഡിവൈഡറുകളില്‍ റിഫ്‌ളക്ടറുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പകല്‍സമയങ്ങളില്‍ വലിയ ട്രക്കുകള്‍ക്കും മറ്റും നിര്‍ത്തിയിടുന്നതിനായി ദേശീയപാതയില്‍ നിന്ന് മാറി പാര്‍ക്കിംഗ് ബേ ഒരുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version