കണ്ണൂര്‍: സംസ്ഥാന വ്യാപകമായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍/ ഒഴിവാക്കല്‍/തെറ്റുതിരുത്തല്‍ എന്നിവക്കായി പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ് നടത്തും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. സജിത്ത് ബാബു ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ 31 വരെ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഫോം വിതരണവും ഡിജിറ്റല്‍ ഹെല്‍പ്പ് ഡെസ്‌കുകളും പ്രവര്‍ത്തിക്കും. നിലവിലുണ്ടായിരുന്ന അധിക ഡിക്ലറേഷന്‍ ഫോം ഒഴിവാക്കിയ സാഹചര്യത്തില്‍, അര്‍ഹരായവര്‍ ഫോം 6 പൂരിപ്പിച്ച് സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍ വഴിയോ വോട്ടര്‍ ഹെല്‍പ്‌ലൈന്‍ ആപ്പ് മുഖേനയോ സമര്‍പ്പിച്ചാല്‍ മതിയാകും. അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്സ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന 12 രേഖകളില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കണം. ആധാര്‍ രേഖയായി നല്‍കുന്നവര്‍ മറ്റൊരു സപ്പോര്‍ട്ടിങ് ഡോക്യുമെന്റ് കൂടി സമര്‍പ്പിക്കണം.

അപേക്ഷകളുടെ തുടര്‍പരിശോധന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തി നടത്തും. പുതുതായി വോട്ടവകാശം ലഭിക്കുന്ന വിദ്യാര്‍ഥികളില്‍ തിരഞ്ഞെടുപ്പ് അവബോധം വര്‍ധിപ്പിക്കുന്നതിനായി കോളേജുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ‘ക്യാമ്പസ് ടു ബൂത്ത്’ എന്റോള്‍മെന്റ്‌റ് ഡ്രൈവ് സംഘടിപ്പിക്കും. ‘Step Forward, Get Counted’ എന്ന സന്ദേശവുമായി നവംബര്‍ 2 മുതല്‍ ഒരാഴ്ച നീളുന്ന പരിപാടിയാണ് ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകളുടെ സഹകരണത്തോടെ പരമാവധി വിദ്യാര്‍ഥികളെ എന്റോള്‍മെന്റ്, തിരഞ്ഞെടുപ്പ് അവബോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. എല്ലാവരും ഈ അവസരം ഉപയോഗപെടുത്തണമെന്ന് ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് അഭ്യര്‍ത്ഥിച്ചു.