പരീക്ഷണം വിജയകരം: കണ്ണൂരിൽ മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രം ഈ മാസം 20നകം നാടിന് സമർപ്പിക്കും

11 മിനിറ്റ് വായിച്ചു

കണ്ണൂർ : റോഡരികിലെ അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിനായി മൾട്ടിലെവൽ കാർ പാർക്കിങ് സംവിധാനം പ്രവർത്തന സജ്ജമായി. കണ്ണൂർ പൊലിസ് മൈതാനത്തിന് സമീപം സജ്ജമാക്കിയ മൾട്ടിലെവൽ പാർക്കിങ് കേന്ദ്രത്തിൽ ഒരേ സമയം 124 കാറുകൾക്ക് ഇവിടെ പാർക്ക് ചെയ്യാം. ഒക്ടോബർ 20നകം പാർക്കിംഗ് സംവിധാനം തുറന്നു കൊടുക്കുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. 7 വർഷത്തെ ഇടവേളക്കു ശേഷമാണ് കണ്ണൂരിൽ മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനം ഒടുവിൽ പ്രവർത്തന സജ്ജമായത്.

കേന്ദ്ര സർക്കാരിൻ്റെ അമൃത് പദ്ധതിയിൽ പെടുത്തിയാണ് പദ്ധതി തുടങ്ങിയത്. 2018 ൽ ആണ് പ്ലാൻ അംഗീകരിച്ചത്. 2020 ൽ നിർമ്മാണം തുടങ്ങി. എട്ടു കോടിയിലേറെ ആണ് ചെലവായത്. പൂനെയിലുള്ള നിർമ്മാണ ചുമതലയുള്ള കമ്പനിയുമായുള്ള ചില സാങ്കേതിക പ്രശ്നങ്ങൾ ഉയർന്നതോടെ മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനം നിർമ്മാണം താൽക്കാലികമായി നിലക്കുകയായിരുന്നു. എന്നാൽ പ്രശ്നങ്ങൾ എല്ലാം തീർത്തു നിലവിൽ മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനം പൂർണ സജ്ജമായി കഴിഞ്ഞു. ശനിയാഴ്ച രാവിലെ മേയർ മുസ്ലിഹ് മഠത്തിൽ ഡെപ്യൂട്ടി മേയർ അഡ്വക്കറ്റ് പി. ഇന്ദിര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു എളയാവൂർ, ഷാഹിന മൊയ്തീൻ, എം.പി രാജേഷ് ,വി.കെ ശ്രീലത, സൂപ്രണ്ടിങ് എഞ്ചിനീയർ കെ .ചന്ദ്രൻ , എക്സിക്യൂട്ടീവ് എഞ്ചിനീയർ ജസ്വന്ത് എന്നിവരുടെ നേതൃത്വത്തിൽ കാർ പാർക്കിംഗ് സംവിധാനം പരിശോധിച്ചു പൂർണ്ണ തൃപ്തി രേഖപ്പെടുത്തി.

20നകം പാർക്കിങ് സംവിധാനം തുറന്നു കൊടുക്കുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. കണ്ണൂർ നഗരത്തിലെ നീറുന്ന പാർക്കിംഗ് പ്രശ്നത്തിന് ഇതോടെ ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ. പ്ലാസയിൽ  രാജേന്ദ്ര പാർക്കിനടുത്ത് മറ്റൊരു മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനം കൂടി പൂർത്തിയായി വരുന്നുണ്ട്. ഇതും ഉടൻ പ്രവർത്തനസജ്ജമാകുമെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!