/

ചെണ്ടയില്‍ പുതുമേളം; വരുമാനമേകാന്‍ വാദ്യോപകരണങ്ങള്‍

14 മിനിറ്റ് വായിച്ചു

കണ്ണൂര്‍: പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് തൊഴിലിനൊപ്പം അധിക വരുമാനം കണ്ടെത്താന്‍ ഇനി ചെണ്ടമേളവും കരുത്താകും. ജില്ലാ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പത്ത് ലക്ഷം രൂപ ചെലവില്‍ ചെണ്ടയും അനുബന്ധ വാദ്യോപകരണങ്ങളും വിതരണം ചെയ്തത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട എട്ട് പട്ടിക വര്‍ഗ്ഗ ഗ്രൂപ്പുകള്‍ക്കാണ് ഈ വാദ്യോപകരണങ്ങള്‍ ഇനി ജീവിത വരുമാനം കൂടിയാവുക.
ഉത്സവങ്ങളിലും ആഘോഷങ്ങളിലും സാംസ്‌കാരിക പരിപാടികളിലുമെല്ലാം മേളത്തിന് മിഴിവേകാന്‍ പരിശീലനം നേടിയവരാണ് ഈ പദ്ധതിയുടെയും ഗുണഭോക്താക്കള്‍. ശിങ്കാരി മേളത്തില്‍ ചുവടുറപ്പിക്കാന്‍ പട്ടിക വര്‍ഗ വനിതാ ഗ്രൂപ്പുകളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നാസിക് ഡോള്‍ ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് വിതരണം ചെയ്തിരുന്നു.

ഇതിന് തുടര്‍ച്ചയായാണ് ചെണ്ടയും അനുബന്ധ വാദ്യോപകരണങ്ങളും വിതരണം ചെയ്യാന്‍ ജില്ലാ പഞ്ചായത്തും പട്ടികവര്‍ഗ്ഗ വികസനവകുപ്പും തീരുമാനിച്ചത്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ പട്ടികവര്‍ഗ്ഗ ഗ്രൂപ്പുകള്‍ക്ക് ചെണ്ടയും വാദ്യോപകരണങ്ങളും വിതരണം ചെയ്തു. ത്രയം കലാസമിതി ഉദയഗിരി, ഝാന്‍സി റാണി ശിങ്കാരിമേളം ഗ്രൂപ്പ്, റിഥം വാരിയര്‍ കോളയാട്, ഗീതാഞ്ജലി വാദ്യസംഘം ഉളിക്കല്‍, വീരഭദ്ര വാദ്യസംഘം ആലക്കോട് എന്നീ ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യനില്‍ നിന്നും വാദ്യോപകരണങ്ങള്‍ ഏറ്റുവാങ്ങി. കൃത്യമായ പരിപാലനത്തിലൂടെയും ഉപയോഗത്തിലൂടെയും ഈ വാദ്യോപകരണങ്ങള്‍ ജീവിത വരുമാനത്തിന് മുതല്‍ക്കൂട്ടായി മാറണമെന്ന് ബിനോയ് കുര്യന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ.പ്രദീപന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ എസ്.എസ്.സുധീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബോബി എണ്ണച്ചേരിയില്‍, പി.രവീന്ദ്രന്‍, രജനി മോഹന്‍, മോഹനന്‍ മൂത്തേടത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ടി.പ്രസാദ്, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.പവിത്രന്‍, ലേജു ജയദേവന്‍, മോഹനന്‍, ജയശ്രീ, അനുശ്രീ, ഐ.ടി.ഡി.പി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ കെ.മൃദുല എന്നിവര്‍ സംസാരിച്ചു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!