കണ്ണൂര്‍: ഭരണഭാഷ ലളിതവും സാധാരണക്കാരന് എളുപ്പത്തില്‍ മനസ്സിലാകുന്നതുമാകുമ്പോഴാണ് നീതി നിര്‍വ്വഹണം പൂര്‍ണ്ണമാവുകയെന്ന് ജില്ലാ കലക്ടര്‍ പി.വിഷ്ണുരാജ് പറഞ്ഞു. ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും വിവര പൊതുജന സമ്പര്‍ക്ക വകുപ്പും ചേര്‍ന്ന് കലക്ടറേറ്റില്‍ നടത്തിയ ജില്ലാ തല പ്രശ്നോത്തരി മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ വേഗത്തിലുള്ള സംവേദനശേഷിയാണ് ഓരോ ഭാഷയുടേയും സൗന്ദര്യം. സങ്കീര്‍ണ്ണതകളില്ലാത്ത പദങ്ങളും വാക്യങ്ങളും ചേരുമ്പോള്‍ അതൊരു ചാരുതയാര്‍ന്ന ഭരണഭാഷയായി മാറുന്നു. ഭാഷാപരമായ വകഭേദങ്ങള്‍ വേര്‍തിരിവുകളാണ്. സംവേദനത്തിന്റെ അതിര്‍വരമ്പുകളില്ലാതെ ശുദ്ധമലായളവും ഏറെ ദൂരം സഞ്ചരിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

ശാസ്ത്ര ലേഖകനും നിരൂപകനുമായ വിജയകുമാര്‍ ബ്ലാത്തൂര്‍ ചടങ്ങിലെ മുഖ്യാതിഥിയായി. ചെറിയ കുട്ടികള്‍ക്കു പോലും മനസ്സിലാവുന്ന ഭാഷയില്‍ കാര്യങ്ങള്‍ പറയുന്നതാണ് ഏറ്റവും മികച്ച ആശയവിനിമയം. ശാസ്ത്രലോകത്തും സങ്കീര്‍ണ്ണമായ പദപ്രയോഗങ്ങളുണ്ട്. എന്നാല്‍ ഇവയും ലളിതമായ പദങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയും. ഭരണഭാഷയും അതുപോലെയാണ്. കാലങ്ങളായി തുടരുന്ന ഭാഷാപ്രയോഗങ്ങള്‍ കാലോചിതമായി മാറണമെന്നും വിജയകുമാര്‍ ബ്ലാത്തൂര്‍ പറഞ്ഞു. ഭരണഭാഷ മലയാളത്തിന്റെ ലാളിത്യം കൈരളിയുടെ സാമൂഹിക മാറ്റത്തിലും പ്രകടമാണെന്നും കേരളത്തിന് കൈവന്ന മുന്നേറ്റത്തിലെല്ലാം മാതൃഭാഷയും ഭരണഭാഷയുമായ മലയാളത്തിന്റെ പങ്ക് വളരെ വലുതാണെന്നും അസിസ്റ്റന്റ് കളക്ടര്‍ എസ് സ്വാതി പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി.അബ്ദുള്‍ കരീം, ഹുസൂര്‍ ശിരസ്തദാര്‍ കെ.കെ.രാജേഷ് ഖന്ന തുടങ്ങിയവര്‍ സംസാരിച്ചു.