//
14 മിനിറ്റ് വായിച്ചു

സ്വത്ത് തര്‍ക്കത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഭർതൃസഹോദരങ്ങൾ പിടിയില്‍

തിരുവനന്തപുരം > വര്‍ക്കല അയിരൂരില്‍ സ്വത്തുതർക്കത്തിനിടെ വീട്ടമ്മയെ മർദിച്ചുകൊന്ന ഭർതൃസഹോദരങ്ങൾ അറസ്റ്റിൽ. വർക്കല ഇലകമൺ അയിരൂർ കളത്തറ എംഎസ് വില്ലയിൽ ലീനാമണി (56) കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നും രണ്ടും പ്രതികളായ കളത്തറ ഷഹാന മൻസിൽ ഷാജി (46), എംഎസ് വില്ലയിൽ അബ്ദുൽ അഹദ് (41) എന്നിവരാണ് അറസ്റ്റിലായത്. ലീനാമണിയുടെ ഭർത്താവ് പരേതനായ സിയാദിന്റെ സഹോദരങ്ങളാണിവർ. മറ്റൊരു പ്രതി മുഹ്സിൻ ഒളിവിലാണ്. അഹദിന്റെ ഭാര്യകൂടിയായ നാലാം പ്രതി കളത്തറ എംഎസ് വില്ലയിൽ റഹീന (32) നേരത്തേ അറസ്റ്റിലായിരുന്നു. റഹീനയ്ക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായി പൊലീസ് പറഞ്ഞു.

16ന്‌ പകലാണ് സംഭവം നടന്നത്. ലീനാമണിയുടെ ഭർത്താവ് സിയാദ് ഒന്നരവർഷം മുമ്പാണ്‌ മരിച്ചത്‌. സിയാദിന്റെ പേരിലുള്ള സ്വത്തുക്കൾ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സഹോദരന്മാരായ അഹദ്, ഷാജി, മുഹ്‌സിൻ എന്നിവർ വീട്ടിലെത്തി ലീനാമണിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുക പതിവായിരുന്നു. ഇതുസംബന്ധിച്ച് കോടതിയിൽ കേസുണ്ടായിരുന്നു. കോടതിയിൽനിന്നുള്ള സംരക്ഷണ ഉത്തരവ് പൊലീസ് വീട്ടിലെത്തിച്ചതിന്റെ പിറ്റേന്നാണ് ലീനാമണി കൊല്ലപ്പെട്ടത്. സംരക്ഷണ ഉത്തരവിനു പിന്നാലെയായിരുന്നു കൊലപാതകം

കോടതിയിൽനിന്ന്‌ സംരക്ഷണം നേടിയതോടെയാണ്‌ ലീനാമണിയോട്‌ ഇവർക്ക്‌ വിരോധമേറിയത്‌. 40 ദിവസം മുമ്പ്‌ അഹദും ഭാര്യ റഹീനയും കുടുംബമായി ലീനാമണിയുടെ വീട്ടിൽ അതിക്രമിച്ച് കയറി താമസമാക്കി. പതിവുപോലെ ഞായറാഴ്ച രാവിലെയും ഇവർ ലീനാമണിയോട് വഴക്കിട്ടു. തുടർന്ന് ലീനാമണി ബന്ധുവിന്റെ വിവാഹത്തിനു പോകാൻ ഒരുങ്ങവെ അഹദ് ഷാജിയെയും മുഹ്സിനെയും വിളിച്ചുവരുത്തി ഇരുമ്പ് കമ്പി കൊണ്ട് അടിക്കുകയായിരുന്നു. ലീനാമണിയോടൊപ്പം 20 വർഷമായി താമസിക്കുന്ന സരസമ്മയാണ്‌ സംഭവത്തിന്‌ ദൃക്‌സാക്ഷി. ബഹളം വച്ചപ്പോൾ വായിൽ തുണി തിരുകിയതായും സരസമ്മ പറഞ്ഞു. തടയാൻ ശ്രമിച്ച സരസമ്മയെയും ഇവർ മർദിച്ചു. ലീനാമണിയുടെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വാതിലുകളും ജനാലകളും അടച്ച്പൂട്ടിയായിരുന്നു മർദനം. ശരീരമാസകലം മർദനമേറ്റ് രക്തമൊഴുകി. ലീനാമണിക്ക് ബോധം പോയതോടെയാണ് മർദനം അവസാനിപ്പിച്ചതെന്നും സരസമ്മ പറഞ്ഞു. സംഭവത്തിൽ പരിക്കേറ്റ സരസമ്മ ചികിത്സയിലാണ്. ലീനാമണിക്കൊപ്പമാണ് ഇവരെയും ആശുപത്രിയിലെത്തിച്ചത്. കൊലപാതകം നടന്ന വീട് റൂറൽ എസ്‌പി ഡി ശിൽപ്പ സന്ദർശിച്ചിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച ഇരുമ്പുകമ്പിയും പൊലീസ് കണ്ടെടുത്തിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!