കണ്ണൂര്:സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പിനായി ചിത്രരചനകൾ ക്ഷണിച്ചു. ‘കേരള സംസ്ഥാന ശിശുക്ഷേമ സമിതി – കരുതലിന്റെയും സംരക്ഷണത്തിന്റെയും 75 വർഷങ്ങൾ’ എന്ന ആശയത്തെ ആസ്പദമാക്കി നാലാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

ചിത്രരചനയ്ക്കായി ജലഛായം, പോസ്റ്റർ കളർ, ക്രയോൺസ്, ഓയിൽ പെയിന്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ്. ചിത്രങ്ങൾ 15×12 സെന്റിമീറ്റർ അനുപാതത്തിൽ ആയിരിക്കണം വരയ്ക്കേണ്ടത്. സ്റ്റാമ്പിന്റെ യഥാർത്ഥ വലിപ്പമായ 5×4 സെന്റിമീറ്ററിലേക്ക് ചിത്രം ചെറുതാക്കേണ്ടതിനാൽ, വിശദാംശങ്ങൾ വ്യക്തമാകുന്ന രീതിയിൽ പശ്ചാത്തലവും നിറങ്ങളും രചനാ സാമഗ്രികളും ഉപയോഗിച്ച് ചിത്രം തയ്യാറാക്കേണ്ടതാണ്.

വിദ്യാർത്ഥിയുടെ പേര്, ക്ലാസ്സ്, വയസ്സ്, സ്കൂളിന്റെയും വീടിന്റെയും ഫോൺ നമ്പരോടുകൂടിയ മേൽവിലാസം എന്നിവ ചിത്രത്തിന്റെ പിറകുവശത്ത് എഴുതി, പ്രിൻസിപ്പാൾ അല്ലെങ്കിൽ ഹെഡ്മാസ്റ്റർ മുദ്ര പതിപ്പിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കണം.തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം വരയ്ക്കുന്ന വിദ്യാർത്ഥിക്ക് പ്രശസ്തിഫലകവും ക്യാഷ് അവാർഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫിയും നൽകി നവംബർ 14ലെ ശിശുദിന സ്റ്റാമ്പ് പ്രകാശന ചടങ്ങിൽ ആദരിക്കും. തപാൽ മാർഗ്ഗമോ നേരിട്ടോ ചിത്രങ്ങൾ ‘ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം – 695014’ എന്ന വിലാസത്തിൽ നവംബർ 5ന് മുൻപ് എത്തിക്കണം. കവറിനു പുറത്ത് “ശിശുദിനസ്റ്റാമ്പ് – കേരള സംസ്ഥാന ശിശുക്ഷേമ സമിതി-കരുതലിന്റെയും സംരക്ഷണത്തിന്റെയും 75 വർഷങ്ങൾ” എന്ന് രേഖപ്പെടുത്തിയിരിക്കണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.