കണ്ണൂര്‍:ഡയപ്പർ, സാനിറ്ററി നാപ്കിൻ തുടങ്ങിയ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി കതിരൂർ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ഡയപ്പർ ഇൻസിനറേറ്റർ തലശ്ശേരി എം.എൽ.എ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. കുണ്ടുചിറ വടക്കെ ശ്മശാനത്തോട് ചേർന്ന് സ്ഥാപിച്ച യൂണിറ്റ് 25.19 ലക്ഷം രൂപ ചെലവിലാണ് പൂർത്തീകരിച്ചത്.

ഗ്രാമപഞ്ചായത്തിന്റെ 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി റെയ്ഡ്കോ മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. മണിക്കൂറിൽ 50 കിലോഗ്രാം മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള എൽ.പി.ജി അധിഷ്ഠിത ഡബിൾ ചേംബർ ഇൻസിനറേറ്ററാണ് സ്ഥാപിച്ചിരിക്കുന്നത്. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രവർത്തനാനുമതിയും ലഭിച്ചിട്ടുണ്ട്.
പദ്ധതിക്കായി ഗ്രാമപഞ്ചായത്തിന്റെ ധനകാര്യ കമ്മീഷൻ ഗ്രാന്റിൽനിന്ന് 18,14,900 രൂപയും പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതമായി 7,04,400 രൂപയും വിനിയോഗിച്ചു.പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഹരിതകർമസേന മുഖേന പഞ്ചായത്തിലെ വീടുകളിൽനിന്ന് നിശ്ചിത ഇടവേളകളിൽ ഡയപ്പർ മാലിന്യങ്ങൾ ശേഖരിക്കും. തുടർന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള മറ്റ് പഞ്ചായത്തുകളിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നും മാലിന്യം സ്വീകരിച്ച് സംസ്കരിക്കാനാണ് ലക്ഷ്യമിടുന്നത്.പരിപാടിയിൽപഞ്ചായത്ത് പ്രസിഡന്റ് പി പി സുജയ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി എൻ മഞ്ജുഷ സ്വാഗതം പറഞ്ഞു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി പി സനിൽ പദ്ധതി വിശദീകരിച്ചു.