/

നമ്മെ അല്‍ഗൊരിതത്തിന് വിട്ടുകൊടുക്കരുത്; സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ജാഗ്രത വേണം- ജില്ലാ കലക്ടര്‍

15 മിനിറ്റ് വായിച്ചു

കണ്ണൂർ:സോഷ്യല്‍ മീഡിയ ഉപയോഗം വലിയ തോതില്‍ വര്‍ധിച്ച ഇക്കാലത്ത് നമ്മെ അല്‍ഗൊരിതങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന സ്ഥിതിയുണ്ടാവരുതെന്ന് ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് പറഞ്ഞു. കുട്ടികളുമായുള്ള പ്രതിവാര സംവാദം കളം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ജെന്‍സിയുടെ ഡിജിറ്റല്‍ ലോകം അനുനിമിഷം വിശാലമാവുകയാണ്. കുട്ടികളടക്കമുള്ളവരുടെ സ്‌ക്രീന്‍ അഡിക്ഷനും ഇതോടൊപ്പം കൂടി വരുന്നു. അല്‍ഗോരിതങ്ങളുടെ പ്രേരണയില്‍ നമ്മള്‍ എന്ത് ചെയ്യണമെന്ന കാര്യം പോലും മറ്റാരോ നിശ്ചയിക്കുന്ന സ്ഥിതിയുണ്ട്. ഇതിനെ മറികടക്കാന്‍ പുതിയ തലമുറ പക്വത നേടണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ബര്‍ണ്ണശ്ശേരി സെന്റ് തെരേസ ഗേള്‍സ് ആംഗ്ലാ ഇന്ത്യന്‍ സ്‌കൂളിലെയും മട്ടന്നൂര്‍ സീല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെയും വിദ്യാര്‍ത്ഥികളായിരുന്നു ഇത്തവണ കളത്തിലെ അതിഥികള്‍. വിദ്യാഭ്യാസമെന്നത് പാഠപുസ്തകങ്ങള്‍ക്കപ്പുറത്തെ അറിവ് നേടുക എന്നത് കൂടിയാണ്. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ശേഷിയും സ്വയം തീരുമാനമെടുക്കാനുള്ള കഴിവും കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ ആര്‍ജിക്കണം. നവമാധ്യങ്ങളും ഡിജിറ്റല്‍ പ്രതലങ്ങളുമെല്ലാം നല്ലതും ചീത്തയുമായ അനേകം ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്നുണ്ട്. അവ വേര്‍തിരിച്ചറിയാനുള്ള കഴിവ് നമുക്കുണ്ടാവണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സ്വന്തമായി വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് അനേകം വഴികളുണ്ട്. വായനാമുറികളും കളിക്കളങ്ങളുമെല്ലാം ഇതിന് നമ്മെ സഹായിക്കും. ചുറ്റുപാടുകളില്‍ നിന്നും അറിവുകളും നല്ല ശീലങ്ങളും ആര്‍ജിച്ചെടുക്കാനാവും. ഉയര്‍ന്ന മാര്‍ക്കുകള്‍ മാത്രമല്ല വിജയത്തിന്റെ ആധാരം. അതിലപ്പുറം നല്ല മനുഷ്യരാവുക എന്ന ലക്ഷ്യത്തിലേക്കായിരിക്കണം നമ്മുടെ പ്രയാണം. നല്ല സമൂഹവും നല്ല നാടുമാണ് നല്ല നാളെകളെയും തീരുമാനിക്കുന്നതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കളം കേവലം വിദ്യാര്‍ഥികളുമായുള്ള ഏകപക്ഷീയമായ ഒരു കൂടിക്കാഴ്ച മാത്രമല്ല, പരസ്പരമുള്ള തുറന്ന സംവാദമാണ്. കുട്ടികള്‍ എങ്ങിനെ ചിന്തിക്കുന്നുവെന്നും അവര്‍ ഈ നാടിനെ എങ്ങിനെ നോക്കിക്കാണുന്നു എന്നെല്ലാം മനസ്സിലാക്കാന്‍ കളം സഹായകമാകുന്നുണ്ട്. അതിനാല്‍ കളം ജില്ലാ ഭരണകൂടത്തിനും ഒരു പാഠശാലയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികളോടൊപ്പം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ജില്ലാ കലക്ടര്‍, അവരില്‍ നിന്ന് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കാര്‍ഡില്‍ എഴുതി വാങ്ങുകയും ചെയ്തു. അസിസ്റ്റന്റ് കലക്ടര്‍ എസ്. സ്വാതി, ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് ടീം അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version