കണ്ണൂര്‍ : നാടന്‍കലയുടെ പൈതൃകവും തെയ്യത്തിന്റെ തനിമയും കാത്തുസൂക്ഷിച്ച് വളരുന്ന ബാലപ്രതിഭകളെ കേരള ഫോക്ലോര്‍ അക്കാദമി ആദരിച്ചു. ശിശുദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച ‘കോലക്കുരുന്നുകള്‍’ പരിപാടി ടി.ഒ. മോഹനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷനായി. ചടങ്ങില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള നൂറോളം കുട്ടി തെയ്യം കലാകാരന്മാരെ ആദരിച്ചു.

പരമ്പരാഗത തെയ്യക്കോലങ്ങളും അനുഷ്ഠാനകലയുടെ പൈതൃകവും അടുത്ത തലമുറയിലേക്ക് പകര്‍ന്നുനല്‍കുന്ന കുട്ടി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എം. പ്രദീപ്കുമാര്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ലിഷ ദീപക്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ പ്രഭാത് വി.വി, കേരള ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ശ്രീരാമന്‍ കൊയ്യോന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മുരളി പണിക്കരും സംഘവും അവതരിപ്പിച്ച കോതാമൂരിയാട്ടം അരങ്ങേറി.