കണ്ണൂര്‍: സി.പി.എം തിരുത്തലിന് സന്നദ്ധമാകുമോ എന്നത് സംശയമാണെന്ന രൂക്ഷമായ വിമര്‍ശനവുമായി പയ്യന്നൂര്‍ എം.എല്‍.എ വി. കുഞ്ഞികൃഷ്ണന്‍. യഥാര്‍ത്ഥ തെറ്റിന് കാരണം കണ്ടെത്തിയാല്‍ മാത്രമേ ഏതൊരു പ്രസ്ഥാനത്തിനും തിരുത്തലുകള്‍ വരുത്താനാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതുവരെയും തെറ്റുകള്‍ തിരുത്താനുള്ള യാതൊരുവിധ ശ്രമങ്ങളും പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിണറായി വിജയനെതിരായ ഇ.ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണ് എന്ന അഭിപ്രായം തനിക്കില്ലെന്നും വി. കുഞ്ഞികൃഷ്ണന്‍ തുറന്നടിച്ചു. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവരുടെ മക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നാല്‍ അതില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ നേതൃത്വം തയ്യാറാകണം. എന്നാല്‍ ഇവിടെ അത്തരം വ്യക്തമായ മറുപടി നല്‍കാന്‍ പിണറായി തയ്യാറായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ആരോപണങ്ങളില്‍ വ്യക്തമായ വിശദീകരണം നല്‍കാത്ത കാലത്തോളം ഇതില്‍ എന്തോ കഴമ്പുണ്ട് എന്നായിരിക്കും പൊതുജനം കരുതുക എന്നാണ് വി. കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. അതിനാല്‍ സംശയങ്ങള്‍ ദുരീകരിക്കേണ്ട ഉത്തരവാദിത്തം നേതൃത്വത്തിനുണ്ട്. അതേസമയം, രാഷ്ട്രീയ പ്രേരിതമായ നിലപാടുകള്‍ ഇ.ഡിയുടെ ഭാഗത്തുനിന്ന് മുന്‍പും ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രതിപക്ഷത്തുള്ള നേതാക്കന്മാര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നത് ഇ.ഡിയുടെ പതിവ് രീതിയാണ് എന്ന കാര്യം നിഷേധിക്കാനാവില്ല.

എങ്കിലും പിണറായിക്കെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് പാര്‍ട്ടി കരുതുന്നതെങ്കില്‍, ജനങ്ങള്‍ക്ക് വിശ്വസിക്കാവുന്ന തരത്തിലുള്ള മറുപടിയും വിശദീകരണവും പാര്‍ട്ടി തന്നെ നല്‍കണമെന്ന് കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. പ്രസ്ഥാനത്തിന് എന്തെങ്കിലും തരത്തിലുള്ള പങ്കുണ്ടെങ്കില്‍ പ്രസ്ഥാനത്തിനെതിരെയും സ്വാഭാവികമായും അന്വേഷണം വരും. പിണറായിയുടെ കുടുംബത്തിനെതിരായി വിമര്‍ശനം വരുമ്പോള്‍ അതിനെ എന്തിനാണ് പാര്‍ട്ടിക്കെതിരായ വിമര്‍ശനമായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയം എല്‍.ഡി.എഫില്‍ കൃത്യമായി ചര്‍ച്ച ചെയ്യണമായിരുന്നെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. വിഷയത്തില്‍ പ്രധാന ഘടകകക്ഷിയായ സി.പി.ഐയെ ബോധ്യപ്പെടുത്തിയിട്ടില്ല. സി.പി.ഐയെ കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ അവര്‍ പരസ്യമായി ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുമായിരുന്നില്ല.
മുന്നണിയിലെ മറ്റു കക്ഷികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്നത് പ്രധാന പാര്‍ട്ടിയുടെയും മുന്നണിയുടെയും ചുമതലയാണ്. മുന്നണി ഒറ്റക്കെട്ടായി നിലപാടുകളില്‍ അണിനിരക്കണമെങ്കില്‍ മുന്നണിക്കകത്ത് സി.പി.ഐ.എം വ്യക്തമായ വിശദീകരണം നല്‍കാന്‍ തയ്യാറാകണം. അങ്ങനെ ബോധ്യപ്പെടുത്തിയിട്ടില്ലെങ്കില്‍ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ മുന്നണിക്കകത്തെ മറ്റു പാര്‍ട്ടികള്‍ പറയുന്നതില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയുടെ തിരുത്തല്‍ രേഖയില്‍ പരാമര്‍ശിക്കാത്തതില്‍ പ്രതികരിച്ച കുഞ്ഞികൃഷ്ണന്‍, കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തലില്‍ നിന്ന് പാര്‍ട്ടി താഴേത്തട്ടില്‍ മാറി സഞ്ചരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. സ്വന്തം രേഖകളെ തള്ളിപ്പറയുന്ന നിലപാടാണ് നിലവില്‍ സ്വീകരിച്ചു വരുന്നത്. തനിക്ക് പാര്‍ലമെന്ററി മോഹമാണെന്ന വിമര്‍ശനമാണ് സി.പി.ഐ.എം നിരന്തരം ഉയര്‍ത്തുന്നത്. ഒരുപാട് കഴിവുള്ള നേതാക്കന്മാരുണ്ടായിട്ടും ഒന്നോ രണ്ടോ നേതാക്കന്മാര്‍ക്ക് മാത്രം പാര്‍ട്ടിയില്‍ ഇളവുകള്‍ നല്‍കുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ പാര്‍ലമെന്ററി മോഹം എന്ന് പറയുന്നത്. അല്ലാതെ ജനാധിപത്യ പ്രക്രിയയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നത് തെറ്റല്ലെന്നും വി. കുഞ്ഞികൃഷ്ണന്‍ ശക്തമായി മറുപടി നല്‍കി.