കണ്ണൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പരിപാടിയായി ഭരണം മാറിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതാണിപ്പോൾ സകല മേഖലയിലും കാണാൻ കഴിയുന്നത്. എന്നെ ആക്രമിക്കുന്നതിലൂടെ സി.പി.എമ്മിനെ തകർക്കാൻ കഴിയുമോ എന്നാണ് നോക്കുന്നത്. കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ സംസാരക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്നതിന് മുമ്പും പിമ്പും എനിക്കുനേരെ കടന്നാക്രമണങ്ങളുണ്ടായിട്ടുണ്ട്. അതൊക്കെ ഞാനെന്ന വ്യക്തിയോടായിരുന്നില്ല. പ്രസ്ഥാനത്തിന് നേരെയായിരുന്നു. മനുഷ്യത്വരഹിതമായ ആക്രമണമാണ് നേരിടേണ്ടിവന്നത്. മഹാമാരിഘട്ടത്തിൽ എല്ലാവരും ഒരുമിച്ചുനിന്ന് പോരാടുകയും മുൻകരുതൽ നടപടി സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് ഡേറ്റ ചോർത്തുന്നു എന്നുപറഞ്ഞ് വിവാദമുണ്ടാക്കിയത്. പിന്നെ ബിരിയാണിച്ചെമ്പിൽ സ്വർണം കടത്തിയെന്ന് പറഞ്ഞു. എന്നാൽ, ഇതൊന്നും നിയമത്തിന് മുന്നിൽ നിന്നില്ല. മാത്രമല്ല, ജനങ്ങൾ അതിനെയൊക്കെ ചവിട്ടിക്കൂട്ടി ചവറ്റുകൊട്ടയിൽ ഇടുകയും 2021ൽ ചരിത്രത്തിലാദ്യമായി തുടർഭരണം കിട്ടുകയും ചെയ്തു. പിന്നീട് സംഘടിത ആക്രമണമാണ് നടന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും സംസ്ഥാന കോൺഗ്രസും മുഴുവൻ വലതുപക്ഷശക്തികളും ചേർന്നാണ് ആക്രമണം തുടങ്ങിയത്. 2026ൽ യു.ഡി.എഫ് അധികാരത്തിലെത്തിയതോടെ ഇതിനൊരു മാറ്റം വന്നു. എല്ലാമിപ്പോൾ സംയുക്തമായാണ് നടക്കുന്നത്.

ഇ.ഡിയുടെ പ്രവർത്തനം സി.എം.ആർ.എൽ വിഷയത്തിൽ രാഷ്ട്രീയലക്ഷ്യത്തോടെ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയാണ്. മാധ്യമങ്ങൾ നൽകിയ വിവരമനുസരിച്ച് 25 പേജുള്ള റിപ്പോർട്ടാണ് ഇ.ഡി നൽകിയിരിക്കുന്നത് എന്നാണ് മനസ്സിലായത്. എന്നാൽ, ഇതുസംബന്ധിച്ച് എനിക്കൊരു കത്തും അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം, ഇ.ഡി മുമ്പ് പറഞ്ഞിരുന്നത് സേവനം ലഭിക്കാതെ പണം കൈപ്പറ്റി എന്നാണ്. എന്നാൽ, ഇപ്പോൾ പറയുന്നത് എനിക്കുള്ള കൈക്കൂലിയാണെന്നും വഴിവിട്ട് നൽകിയ നേട്ടത്തിന്റെ പ്രതിഫലമെന്നുമാണ്. അങ്ങനെ വഴിവിട്ട് നൽകിയതിന്റെ തെളിവായി എന്താണ് ഇ.ഡിയുടെ കൈവശമുള്ളത്. ഏതിലെങ്കിലും ഒന്നിൽ ഉറച്ചുനിൽക്കേണ്ടതല്ലേ ഇ.ഡി. ഞാൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വഴിവിട്ട് ഒരാനുകൂല്യവും സി.എം.ആർ.എലിന് നൽകിയിട്ടില്ല. അത് തെളിയിക്കാനുള്ള ഒരു രേഖയും ഇ.ഡിയുടെ കൈവശവുമില്ല.
മൂന്ന് ആരോപണങ്ങളാണ് കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടൻ എനിക്കെതിരെ ഉന്നയിച്ചത്. എന്നാൽ, ആരോപണങ്ങളെല്ലാംതന്നെ പരമോന്നത കോടതിയടക്കം തള്ളിയതാണ്. അതാണിപ്പോൾ പുതിയ രാഷ്ട്രീയ തിരക്കഥയുടെ പേരിൽ പുറത്തുവരുന്നത്. ഒരു കുറ്റം ആരോപിക്കപ്പെടുമ്പോൾ അതിന്റെ വസ്തുതകൂടി പറയണം. ഇ.ഡി അന്വേഷണം എന്നിലേക്ക് എത്തിക്കാനാകുമോ എന്ന പരീക്ഷണമാണ് നടത്തുന്നത്. പുതിയൊരു ക്രിമിനൽ കേസിന്റെ വാതിൽ തുറക്കാനാണ് ശ്രമം -പിണറായി പറഞ്ഞു. ദേശീയതലത്തിൽ കോൺഗ്രസ് നേതാക്കൾ പറയുന്നത് ഇ.ഡി രാഷ്ട്രീയമായി പ്രവർത്തിക്കുന്നു എന്നാണ്. എന്നാൽ, കേരളത്തിലേക്ക് വരുമ്പോൾ അത് മാറുകയാണ്. ഒരു വ്യക്തി എത്ര പ്രാവശ്യം തന്റെ നിരപരാധിത്വം തെളിയിക്കണം? രാഷ്ട്രീയമായി തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. രാഷ്ട്രീയ തിരക്കഥ തയാറാക്കിയാൽ തെളിവ് വേണം, വസ്തുതയും സത്യവും വേണം. എത്രതന്നെ കടുത്ത ആക്രമണം നടത്തിയാലും തളരുകയോ തകരുകയോ ചെയ്യുകയില്ല -പിണറായി വിജയൻ കൂട്ടിച്ചേർത്തു.