സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ പിടിച്ചുമാറ്റാൻ ശ്രമിച്ച മധ്യവയസ്കൻ അടിയേറ്റ് മരിച്ചു. കൊല്ലം ചടയമംഗലത്ത് വൈകിട്ട് ആറരയോടെയാണ് സംഭവം. കണ്ണംകോട് സ്വദേശി താഹയാണ് മരിച്ചത്. സംഭവത്തിൽ സംഘർഷത്തിലേർപ്പെട്ട മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സുഹൃത്തുക്കൾ തമ്മിലടിക്കുന്നത് കണ്ട് പിടിച്ച് മാറ്റാൻ ഇടയിൽ കയറിയതായിരുന്നു താഹ. ഇതിനിടയിൽ താഹയുടെ തലയ്ക്ക് അടിയേൽക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പിന്നാലെ കുഴഞ്ഞു വീണ താഹയെ ഉടൻ നാട്ടുകാരും പൊലീസും ചേർന്ന് കടയ്ക്കൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

