/

കൂവോട് സ്വദേശി ഉഷയെയും മക്കളെയും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

10 മിനിറ്റ് വായിച്ചു

കണ്ണൂര്‍: കാന്‍സര്‍ ബാധിതയായ തളിപ്പറമ്പ് കൂവോട് പഞ്ചളായിയിലെ ഉഷയെയും രോഗബാധിതരായ രണ്ട് മക്കളെയും ചികിത്സയ്ക്കായി പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കല്‍ പരിശോധനകള്‍ക്കു ശേഷം ഇവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ നടപടി തുടങ്ങി. കുടുംബത്തിന്റെ ദയനീയാവസ്ഥയെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ടി കെ ഗോവിന്ദന്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ പി വിഷ്ണുരാജും വീട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

മെഡിക്കല്‍ കോളേജില്‍ ആവശ്യമായ ചികിത്സ നല്‍കിയ ശേഷം ഇവരെ താല്‍ക്കാലികമായി പുനരധിവാസ കേന്ദ്രത്തില്‍ താമസിപ്പിക്കാനാണ് തീരുമാനം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാന്‍ റവന്യൂ, ആരോഗ്യം, സാമൂഹ്യനീതി, പോലിസ്, വനിതാ ശിശുവികസനം എന്നീ വകുപ്പ് ഉദ്യോഗസ്ഥരും തളിപ്പറമ്പ് മുനിസിപ്പാലിറ്റി അധികൃതരും ഉള്‍പ്പെടുന്ന സംഘത്തിന് ജില്ലാ കളക്ടര്‍ രൂപം നല്‍കിയിരുന്നു. കുടുംബത്തിന്റെ തുടര്‍ ചികിത്സ, ഭക്ഷണം, താമസം, സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവ ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.


തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി.കെ സുബൈര്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ ദീപ രഞ്ജിത്ത്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുല്ലായിക്കൊടി ചന്ദ്രന്‍, കൗണ്‍സിലര്‍മാരായ പി. ധന്യ, ടി. ബാലകൃഷ്ണന്‍, തളിപ്പറമ്പ് തഹസില്‍ദാര്‍ കെ.കെ സുനിഷ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി. ബിജു, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!