കണ്ണൂർ: തഞ്ചാവൂർ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിൽ നാലു ദിവസങ്ങളിലായി നടക്കുന്ന മന്ത്രാങ്കം കൂത്തിന് തുടക്കമായി. കണ്ണൂർ ജവഹർലാല്‍ നെഹ്റു പബ്ലിക് ലൈബ്രറി അങ്കണത്തില്‍ കലാമണ്ഡലം രാമച്ചാക്യാരും സംഘവുമാണ് കൂടിയാട്ടത്തിലെ ഏറ്റവും പ്രാചീനവും സവിശേഷവുമായ മന്ത്രാങ്കം അവതരിപ്പിക്കുന്നത്. ആദ്യദിവസം മന്ത്രാങ്കത്തിലെ ചെറിയ കൂടിയാട്ടം എന്ന ഭാഗം അവതരിപ്പിച്ചു.

കലാമണ്ഡലം രാമച്ചാക്യാർ രചിച്ച പൈങ്കുളം രാമച്ചാക്യാരുടെ ജീവചരിത്രം ‘അഗ്ര്യപൂജ’ സൗത്ത് സോൺ കൾച്ചറൽ സെന്റർ ഡയറക്ടർ കെ.കെ. ഗോപാലകൃഷ്ണൻ, പത്മശ്രീ എസ്.ആർ.ഡി പ്രസാദിന് നൽകി പ്രകാശനം ചെയ്തു. 21 വരെ വൈകുന്നേരം ആറു മണി മുതല്‍ എട്ട് മണി വരെയാണ് അവതരണം. ഇന്ന് മന്ത്രാങ്കത്തിലെ ക്രിയ എന്ന ഭാഗവും തുടർന്ന് നരസിംഹാവതാരം നങ്ങ്യാർ കൂത്തും അരങ്ങേറും.