പിലാത്തറ ടൗൺ സൗന്ദര്യവൽക്കരണം, ചന്തപ്പുരവരെയുള്ള റോഡ് നവീകരണം, പിലാത്തറ ബസ് സ്റ്റാൻഡ്–ഷോപ്പിംഗ് കോംപ്ലക്സ് എന്നിവ നവംബർ മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം. വിജിൻ എം.എൽ.എ അധ്യക്ഷനാവും.ചെറുതാഴം, കടന്നപ്പള്ളി–പാണപ്പുഴ, എരമം–കുറ്റൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെറുതാഴം- കുറ്റൂർ -പെരിങ്ങോം റോഡ് പ്രദേശത്തെ പ്രധാന ഗതാഗത പാതകളിലൊന്നാണ്. വർദ്ധിച്ചുവരുന്ന വാഹന ഗതാഗതത്തിന് അനുസൃതമായി റോഡ് വീതി പര്യാപ്തമല്ലാത്തതിനാൽ നവീകരണത്തിന്റെ ആവശ്യകത ഏറെ നാളായി നിലനിന്നിരുന്നു. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ആകെ 13 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അനുമതി നൽകി. നവകേരള സദസ്സ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ പിലാത്തറ ടൗൺ സൗന്ദര്യവത്കരണത്തിനും സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ആറു കോടി രൂപ പിലാത്തറ മുതൽ ചന്തപ്പുര വരെയുള്ള റോഡ് വീതികൂട്ടി നവീകരിക്കുന്നതിനും, അഞ്ച് കോടി രൂപ ചന്തപ്പുര മുതൽ മാതമംഗലം ഭാഗം വികസിപ്പിക്കുന്നതിനുമായി അനുവദിച്ചു. ഇതിൽ ചന്തപ്പുര–മാതമംഗലം ഭാഗത്തെ പ്രവൃത്തികൾ നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

പിലാത്തറ ടൗൺ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി കാരിയേജ് വേ വീതികൂട്ടൽ, ഇന്റർലോക്ക് വർക്ക് ചെയ്ത ഫുട്പാത്ത്, കെർബ്, ഡ്രെയിനേജ് നവീകരണം, ആവശ്യമായ റോഡ് സൈൻബോർഡുകൾ, ആധുനിക രീതിയിലുള്ള റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവ നടപ്പാക്കും.
പിലാത്തറ മുതൽ ചന്തപ്പുര വരെ കി.മി 1/450 മുതൽ 5/450 വരെയുള്ള റോഡ് ഭാഗം 5.50 മീറ്ററിൽ നിന്നും 7.00 മീറ്റർ വരെ വീതികൂട്ടി മെക്കാഡം ടാറിങ് നടത്തും. ആവശ്യമായ സ്ഥലങ്ങളിൽ റോഡിന്റെ അടിത്തറ ശക്തിപ്പെടുത്തുകയും കൾവെർട്ടുകളും ഡ്രെയിനുകളും പുതുക്കിപ്പണിയുകയും ചെയ്യും. അതോടൊപ്പം ട്രെയിൻ, ഐറിഷ് ബ്രെയിൻ സംവിധാനം ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങളും ഒരുക്കും.