ചെറുകുന്ന് ഗ്രാമ പഞ്ചായത്തിലെ സി.പി.എം നിയന്ത്രണത്തിലുള്ള ചെറുകുന്ന് സർവീസ് സഹകരണ ബാങ്കിലും സഹകരണ ആശുപത്രിയിലും നടന്ന ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന് പരാതി നൽകിയതായി മുൻ ചെറുകുന്ന ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ചെറുകുന്ന് സഹകരണ ആശുപത്രി സ്ഥാപക പ്രമോട്ടിംഗ് ഡയറക്ടറുമായ എൻ. അജിത്ത് കുമാർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പത്തുവർഷങ്ങൾക്ക് മുൻപ് ചെറുകുന്നിൽ സഹകരണ ആശുപത്രി സ്ഥാപിക്കുന്നതിനായി സ്വദേശത്ത് നിന്നും വിദേശത്തു നിന്നുമായി ലക്ഷക്കണക്കിന് രൂപയാണ് താനുൾപ്പെടെ പിരിച്ചെടുത്തത് അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. 
ചെറുകുന്ന് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്കായി കൈപ്പാട് പ്രദേശങ്ങൾ ലേലം ചെയ്തു കൊടുത്തു കിട്ടുന്ന തുകയായ 50 ലക്ഷം രൂപവർഷങ്ങൾക്ക് മുൻപ് പ്രവർത്തനരഹിതമായ ചെറുകുന്ന് ആശുപത്രിയുടെ 6006 അക്കൗണ്ടിലേക്ക് 29-03-2019 ന് മാറ്റുകയും മൂന്ന് ദിവസങ്ങൾക്കുള്ളിൽ ചില സ്വകാര്യ വ്യക്തികൾക്ക് ട്രാൻസ്ഫർ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. ചെറുകുന്ന് സർവീസ് സഹകരണ ബാങ്കിലുള്ള സഹകരണ ആശുപത്രിയുടെ 6006 അക്കൗണ്ടിൽ നിന്നും ആർക്കൊക്കെയാണ് ഇത്രയും തുക കൈമാറിയെന്നതിൻ്റെ വിശദാംശങ്ങൾ ഒന്നും ബാങ്ക് രേഖകളിൽ കാണാനില്ലെന്നും എൻ. അജിത്ത് കുമാർ ആരോപിച്ചു.