കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ്റെ വികസന പ്രവർത്തനങ്ങൾക്ക് തടയിടുന്നതിന് സർക്കാർ തന്നെ മുൻ കൈയ്യെടുക്കുന്നതായി മേയർ മുസ്ലിഹ് മഠത്തിൽ ആരോപിച്ചു. അടിയന്തിര കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ കോർപ്പറേഷനിൽ വാർഷിക പദ്ധതിയിൽ പെടുത്തി നിരവധി റോഡുകളുടെ പ്രവൃത്തി നടത്താനുണ്ട്. കാലവർഷമായതിനാൽ പല പ്രവർത്തികളും ആരംഭിച്ചിട്ടില്ല. മഴ മാറി പ്രവർത്തി ആരംഭിക്കാനിരിക്കെ ഓഫീസിലെ അസി എഞ്ചിനിയറെയും അസി എക്സിക്യൂട്ടീവ് എഞ്ചിനിയറെയും സ്ഥലം മാറ്റി. പുതിയ ഉദ്യോഗസ്ഥർ ചുമതല എടുത്ത് വീണ്ടും സ്ഥല പരിശോധനയും എസ്റ്റിമേറ്റുമെല്ലാം തയാറേക്കേണ്ട സ്ഥിതിയാണുള്ളത്.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്.ഈ ഭരണസമിതിക്ക് കേവലം ഒരു മാസം മാത്രമേ ബാക്കിയുള്ളൂ ഈ അവസ്ഥയിലാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ഇരുട്ടടി. കോർപ്പറേഷൻ്റെ പദ്ധതി ഭേദഗതിക്ക് കൗൺസിൽ അംഗീകാരം നൽകി. വിവിധ ഗുണഭോക്തൃ പദ്ധതികൾക്കുള്ള ഗുണഭോക്തൃ ലിസ്റ്റും കൗൺസിൽ അംഗീകരിച്ചു. യോഗത്തിൽ ഡെപ്യൂട്ടി മേയർ പി ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ രാഗേഷ്, എം.പി രാജേഷ്, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ ടി.ഒ മോഹനൻ, കെ പി അബ്ദുൽ റസാഖ്, ടി.രവീന്ദ്രൻ, കെ പ്രദീപൻ, വി.കെ ഷൈജു തുടങ്ങിയവർ സംസാരിച്ചു