കേരളത്തിലെ ആദ്യത്തെ കല്ലുമ്മക്കായ -കടല്‍ മത്സ്യ വിത്തുല്‍പാദന ഹാച്ചറി മാടായി പഞ്ചായത്തിലെ പുതിയങ്ങാടിയില്‍ ഒരുങ്ങുന്നു. പ്രതിവര്‍ഷം 50 ലക്ഷം കടല്‍ മത്സ്യക്കുഞ്ഞുങ്ങളും 50 ലക്ഷം കല്ലുമ്മക്കായ വിത്തുമാണ് ഈ ഹാച്ചറി വഴി ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. ഹാച്ചറി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കല്ലുമ്മക്കായ കൃഷിയില്‍ മലബാര്‍ സ്വയംപര്യാപ്തമാകും. കല്ലുമ്മക്കായ വിത്തുല്‍പാദനത്തിന് ആവശ്യമായ മോഡുലാര്‍ ഹാച്ചറി സൗകര്യങ്ങളും കടല്‍ മത്സ്യങ്ങളുടെ വിത്തുല്‍പാദനത്തിനും സംരക്ഷണത്തിനുമാവശ്യമായ ലൈവ് ഫീഡ് പ്രൊഡക്ഷന്‍ യൂണിറ്റ്, ആല്‍ഗല്‍ കള്‍ച്ചര്‍ യൂണിറ്റ്, പൊരുന്ന മത്സ്യങ്ങളുടെ സംരക്ഷണത്തിനും വിത്തുല്‍പാദനത്തിനും ആവശ്യമായ റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ലാര്‍വല്‍ റയറിംഗ് ടാങ്കുകള്‍, ലബോറട്ടറി സംവിധാനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മല്‍സ്യബന്ധന വകുപ്പ് അഞ്ചു കോടി രൂപ ചെലവിലാണ് മത്സ്യ വിത്തുല്‍പാദന കേന്ദ്രം സ്ഥാപിക്കുന്നത്.

ഹാച്ചറിയുടെ നിര്‍മ്മാണ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ ജനുവരിയോടെ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം തുടങ്ങാനാകുമെന്ന് എം വിജിന്‍ എം എല്‍ എ പറഞ്ഞു.