/

ക്ഷയരോഗ മുക്ത ഭാരതം; ജില്ലയില്‍ സജ്ജമായി ജോഷ് ടീം

13 മിനിറ്റ് വായിച്ചു

കണ്ണൂര്‍:ടിബി മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ക്ഷയരോഗ മുക്ത നാടിനായി ജില്ലയില്‍ ജോയിന്റ് സ്‌ക്വാഡ് ഫോര്‍ ഹെല്‍ത്ത് -ജോഷ് ടീം സജ്ജമായി. ക്ഷയരോഗ ലക്ഷണങ്ങള്‍ കണ്ടെത്തല്‍, നേരത്തെയുളള പരിശോധന, ചികിത്സ, പോഷണം, പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ സമൂഹത്തില്‍ ബോധവത്കരണം നടത്തുകയും ക്ഷയരോഗത്തെ ചെറുക്കുകയും ചെയ്യുകയെന്നതാണ് ജോഷ് ടീമിന്റെ ലക്ഷ്യം.

ഗാര്‍ഹിക സന്ദര്‍ശനം, രോഗവ്യാപനം തടയാനുള്ള സാമൂഹിക ഇടപെടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ യുവജനപങ്കാളിത്തമുള്ള ജോഷ് ടീം സജീവമാകും. കളക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല ജോഷ് ടീം പ്രഖ്യാപനം അഡ്വ. സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒരു കാലഘട്ടത്തിന്റെ ഭീതിയായിരുന്നു ക്ഷയരോഗമെന്നും ആരോഗ്യ സംവിധാനത്തിന്റെ ഫലപ്രദമായ ഇടപെടലിലൂടെ വലിയൊരു അളവ് വരെ അത് ഇല്ലാതാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. രോഗം പൂര്‍ണ്ണമയും സമൂഹത്തില്‍ നിന്നും തുടച്ചുമാറ്റുന്നതിനുള്ള വലിയ മുന്നേറ്റം നടന്നുവരികയാണ്. ജോഷ് ടീം സജ്ജമാകുന്നതോടെ ക്ഷയരോഗ മുക്ത നാട് എന്ന ലക്ഷ്യം അകലെയാവില്ല. ഇതിന് കൂട്ടായ പരിശ്രമങ്ങള്‍ അനിവാര്യമാണെന്നും സജീവ് ജോസഫ് എം.എല്‍.എ പറഞ്ഞു. ജോഷ് ടീം പോസ്റ്റര്‍ പ്രകാശനവും ഫ്ളാഗ് ഓഫും വളണ്ടിയര്‍മാര്‍ക്കുള്ള ബാഡ്ജ്, ക്യാപ് കൈമാറ്റവും ചടങ്ങില്‍ നടന്നു.

ജില്ലയില്‍ ക്ഷയരോഗ മുക്തമായ വളപട്ടണം, പാപ്പിനശ്ശേരി, ചെറുകുന്ന്, രാമന്തളി, കുഞ്ഞിമംഗലം, മാട്ടൂല്‍, എരുവേശ്ശി, മലപ്പട്ടം, ഉദയഗിരി ഗ്രാമപഞ്ചായത്തുകളെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ എസ്.സ്വാതി വിഷയാവതരണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.അബൂബക്കര്‍ ക്ഷയരോഗ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ പി.എം. ധനീഷ്, മേരാ യുവ ഭാരത് കണ്ണൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. സച്ചിന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ബി.സന്തോഷ്, ജില്ലാ ടി.ബി ഓഫീസര്‍ ഡോ.രശ്മി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ടി.ബി സെന്റര്‍ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. രജ്ന ശ്രീധരന്‍ ടി.ബി. ബോധവത്കരണ ക്ലാസ്സെടുത്തു. ജനപ്രതിനിധികള്‍, എന്‍.സി.സി, എന്‍.എസ്.എസ് പ്രവര്‍ത്തകര്‍, വിവിധ സന്നദ്ധ സേനാ വിഭാഗങ്ങള്‍ , ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!