/
13 മിനിറ്റ് വായിച്ചു

ജെന്‍ട്രല്‍ ന്യൂട്രാലിറ്റി നടപ്പിലാക്കണം, പക്ഷെ അടിച്ചേല്‍പ്പിക്കരുത്;ലീഗിനെ പൂര്‍ണ്ണമായി പിന്താങ്ങാതെ സതീശന്‍

മലപ്പുറം: ജെന്‍ട്രല്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ മുസ്ലീം ലീഗിന്‍റെ പരാമര്‍ശങ്ങളെ പൂര്‍ണ്ണമായി പിന്താങ്ങാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി എം എ സലാം  നടത്തിയ പ്രതികരണങ്ങള്‍ ഉള്‍പ്പെടെ സമുദായത്തില്‍ ലീഗിന് പരുക്കേല്‍പ്പിച്ചിട്ടില്ല എന്നാണ് ലീഗ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. മുസ്ലീം കോ ഒര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനാണ് ലീഗ് നീക്കം. അതിനിടെ, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്നമെന്ന ചോദ്യവുമായി വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി.

അരമണിക്കൂറോളം  ലീഗ് നേതാക്കളുമായുള്ള പ്രതിപക്ഷ നേതാവിന്‍റെ ചര്‍ച്ചയില്‍ ജെന്‍ട്രല്‍ ന്യൂട്രാലിറ്റി സജീവ ചര്‍ച്ചയായി. ലിംഗ നീതി നടപ്പില്‍ വരുത്തണമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപിത നിലപാടെന്നും പക്ഷെ സ്ത്രീകളില്‍ ഒന്നും അടിച്ചേല്‍പ്പിക്കരുതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം വി ഡി സതീശന്‍ പ്രതികരിച്ചു. ഈ വിഷയത്തില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. അതേസമയം, ജെന്‍ട്രല്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ കോ ഒര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനാണ് ലീഗിന്‍റെ നീക്കം. പി എം എ സലാം ഉള്‍പ്പെടെയുള്ള നേതാക്കളുടെ പരാമര്‍ശങ്ങള്‍ പരുക്കേല്‍പ്പിച്ചിട്ടില്ല. സമുദായത്തിന് അകത്തുണ്ടായ വികാരം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിച്ചു എന്നാണ് വിലയിരുത്തല്‍.

അതിനിടെ, ലീഗ് നേതാക്കള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. കുട്ടികൾ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് നിലവിൽ സർക്കാർ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്ന് വി ശിവന്‍കുട്ടി ചോദിച്ചു. ജെന്‍ട്രല്‍ ന്യൂട്രാലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന വിവാദ പരാമ‍ശം നടത്തിയ എം കെ മുനീറിനെയും ശിവൻകുട്ടി പരോക്ഷമായി വിമർശിച്ചു. മുൻ മന്ത്രിയടക്കമുള്ളവർ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണെന്നും പറയുന്നത് ലീഗിന്‍റെ പൊതുനിലപാടാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version