കണ്ണൂർ: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്. പവർ ഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെ.വി സബ്സ്റ്റേഷനിലെ ട്രാൻസ്ഫോർമർ തകരാറിലായതാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം. ഇതിന്റെ അറ്റകുറ്റപ്പണികൾക്കായി നിലവിൽ ട്രാൻസ്ഫോർമർ ഷട്ട് ഡൗൺ ചെയ്തിരിക്കുകയാണ്.
തകരാർ പരിഹരിക്കാൻ ഏഴ് ദിവസത്തോളം വേണ്ടിവരുമെന്നാണ് പവർ ഗ്രിഡ് കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ന് മുതൽ ഏഴ് ദിവസക്കാലയളവിൽ ഈ നാല് ജില്ലകളിലും ഭാഗികമായി വൈദ്യുതി തടസ്സപ്പെട്ടേക്കുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.