വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്ത ശബരിമല തീർത്ഥാടകർക്ക് KSRTC ബസ് ടിക്കറ്റ് നിലയ്ക്കൽ വരെ മാത്രം

12 മിനിറ്റ് വായിച്ചു

വെർച്വൽ ക്യൂ ബുക്ക് ചെയ്‌തിട്ടുണ്ടോ എന്ന് ടിക്കറ്റ് എടുക്കുമ്പോൾ പമ്പ സ്പെഷ്യൽ കെഎസ്ആർടിസി ബസിലെ കണ്ടക്ട‌ർമാരും ചോദിച്ചുതുടങ്ങി. അയ്യപ്പൻമാരെ വലയ്ക്കേണ്ടാ എന്ന ഉദ്ദേശത്തിലുള്ള ആ ചോദ്യം പമ്പ കൺട്രോൾ റൂമിലെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ്. വെർച്വൽ ക്യൂ ബുക്കുചെയ്യാതെ ശബരിമല തീർഥാടനത്തിന് വന്നാൽ മുമ്പ് പമ്പയിൽ സ്പോട്ട് ബുക്ക് ചെയ്യാമായിരുന്നു. എന്നാൽ, ഇത്തവണ നട തുറന്നശേഷം ആദ്യത്തെ മൂന്നുദിവസം വലിയ തിരക്കുണ്ടായപ്പോൾ പമ്പയിലെ സ്പോട്ട് ബുക്കിങ് നിർത്തി. വനപ്രദേശത്ത് നിലയ്ക്കൽ മാത്രമേ സ്പോട്ട് ബുക്കിങ്ങുള്ളൂ. ചെങ്ങന്നൂരിലെ കേന്ദ്രവും നിർത്തി. ടിക്കറ്റ് എടുക്കുമ്പോൾ പമ്പ എന്നാവശ്യപ്പെടുന്നവരോട് വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടുണ്ടോ എന്ന് കണ്ടക്‌ടർ ചോദിക്കാൻകാരണ മിതാണ്. വെർച്വൽ ക്യൂ ബുക്കു ചെയ്യാത്തവർ പമ്പയിൽ ഇറങ്ങിയാൽ അവർക്ക് തിരികെ വീണ്ടും നിലയ്ക്കലേക്ക് വരേണ്ട സാഹചര്യം ഒഴിവാക്കുകയാണ് കണ്ടക്ടർമാർ.

ഒരു ബസിൽ അഞ്ചിൽ താഴെപേർ മാത്രമേ വെർച്വൽ ക്യൂ ബുക്കുചെയ്യാത്ത വരായുള്ളൂ എങ്കിൽ അവരെ മെയിൻ റോഡിൽ ശിവപ്രതിമയ്ക്ക് സമീപം ഇറക്കും.പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് വരുന്ന ചെയിൻ സർവീസ് ബസിൽ അവർക്ക് നിലയ്ക്കൽ ശിവക്ഷേത്രത്തിനടുത്തുള്ള സ്പോട്ട്ബുക്കിങ് കൗണ്ടറിലേക്ക് സൗജന്യമായി പോകാം. അഞ്ചിൽ കൂടുതൽ പേരുണ്ടെങ്കിൽ യാത്ര ചെയ്യുന്ന ബസ് നിലയ്ക്കലേക്ക് കയറും. അവരെ കൗണ്ടറിനടുത്ത് ഇറക്കിയശേഷം പമ്പയ്ക്ക് പോകും. സ്പോട്ട് ബുക്ക് ചെയ്ത‌ ശേഷം അവർക്ക് നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിൽ പമ്പയ്ക്കു പോകാം. പത്തനംതിട്ടയിൽ നിന്ന് പമ്പയ്ക്ക് ഫാസ്റ്റ് പാസഞ്ചറിന് 143 രൂപയാണ് നിരക്ക്. നിലയ്ക്കൽ വരെ 99 രൂപയും. നിലയ്ക്കൽ-പമ്പ 50 രൂപയാണ് നിരക്ക്. പത്തനംതിട്ടയിൽനിന്ന് പോകുന്ന ഒരു തീർഥാടകൻ വെർച്വൽ ക്യൂ ബുക്ക് ചെയ്‌തിട്ടില്ലെങ്കിൽ ആറ് രൂപ അധികച്ചെലവുണ്ടാകും. സ്പോട്ട് ബുക്കിങ് 20,000-ത്തിൽനിന്ന് 5000 ആക്കിയാണ് കുറച്ചത്. ഓരോ ദിവസത്തെയും തിരക്ക് അനുസരിച്ച് ഇതിൽ മാറ്റംവരുത്താൻ ഹൈക്കോടതിയുടെ അനുമതിയുണ്ട്. തിരക്ക് അനുസരിച്ച് സ്പോട്ട് ബുക്കിങ്ങിന്റെ എണ്ണം കൂട്ടും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version