കണ്ണൂര്‍:തളിപ്പറമ്പ് കൂവോട് പഞ്ചളായിയിലെ അര്‍ബുദ ബാധിതയായ ഉഷയുടെയും മക്കളുടെയും പുനരധിവാസം ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയതായി ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗം നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗബാധിതയായ ഉഷയും മാനസിക വെല്ലുവിളികള്‍ നേരിടുന്ന രണ്ടുമക്കളും കഴിഞ്ഞ 20 ദിവസമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന്റെ പരിചരണത്തില്‍ കഴിയുകയാണ്. ഇവര്‍ വളരെ വേഗത്തില്‍ ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുത്തു വരികയാണെന്ന് ഇവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി രൂപീകരിച്ച പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. ഇവര്‍ക്ക് ആവശ്യമായ കൗണ്‍സലിംഗും നല്‍കിവരുന്നുണ്ട്.

തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഇവരുടെ വീട് അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു. രണ്ടാഴ്ചയ്ക്കകം പ്രവൃത്തികള്‍ പൂര്‍ത്തിയാകും. അതുവരെ ഇവരെ താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി.
ഇവര്‍ക്ക് വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിനല്കും. വരുമാനദായകമായ തൊഴില്‍ ചെയ്യാനും സാഹചര്യമൊരുക്കും. ഉഷയ്ക്ക് വിധവാ പെന്ഷന് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭിന്നശേഷിക്കാരായ മക്കള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിനായി ഭിന്നശേഷിക്കാര്‍ക്കുള്ള യുഡിഐഡി കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ഓണ്‍ലൈന്‍ യോഗത്തില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. കെ ടി മാധവന്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു, മെഡിക്കല്‍ ബോര്‍ഡ് ചെയര്മാന് ഡോ. രഞ്ജിത്ത് കുമാര്‍ കെ സി, തളിപ്പറമ്പ് നഗരസഭാ സെക്രട്ടറി കെ പി സുബൈര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സ്മിത, സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർ അനീഷ് കെ ,സ്നേഹഭവൻ മാനേജർ ലിജോ തുടങ്ങിയവര്‍ പങ്കെടുത്തു.