കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ കിരീടം നിലനിര്‍ത്തി ചരിത്രം കുറിക്കുകയാണ് കണ്ണൂര്‍ വാരിയേഴ്‌സിന്റെ ലക്ഷ്യമെന്ന് കണ്ണൂര്‍ വാരിയേഴ്സ് എഫ്സി മുഖ്യപരിശീലകന്‍ ആന്‍ഡ്രേ ചെര്‍ണിഷോവ്. കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടീം കഠിനമായ പരിശീലനത്തിലാണ്. ഇത്തവണയും കണ്ണൂരിന് അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ചെര്‍ണിഷോവ് പറഞ്ഞു. സൂപ്പര്‍ ലീഗ് കേരള വളര്‍ന്നുവരുന്ന യുവതാരങ്ങള്‍ക്ക് മികച്ച അവസരമാണ് നല്‍കുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള മികച്ച താരങ്ങള്‍ സൂപ്പര്‍ ലീഗ് കേരളയില്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത് ലീഗിന്റെ വളര്‍ച്ചയുടെ മികച്ച ഉദാഹരണമാണ്. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ തനിക്ക് രണ്ടാം വീടുപോലെയാണെന്നും ടീം പോരാട്ടത്തിന് പൂര്‍ണമായും തയ്യാറായിക്കഴിഞ്ഞെന്നും ക്യാപ്റ്റന്‍ ഏണസ്റ്റീന്‍ ലവ്സാംബ പറഞ്ഞു. കണ്ണൂര്‍ വാരിയേഴ്സിലെ ഹൃഷഭ് 18-ാം വയസ്സില്‍ ഒരു പ്രൊഫഷണല്‍ ടീമിനായി കളിക്കാന്‍ തയ്യാറായിരിക്കുന്നത് സന്തോഷകരമായ കാര്യമാണ്. യുവതാരങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങളുടെ മികച്ച സൂചനയാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മറ്റ് ക്യാപ്റ്റന്‍മാരായ അസിയര്‍ ഗോമസും മുഹമ്മദ് സിനാനും പരിപാടിയില്‍ സംസാരിച്ചു. കണ്ണൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതവും ട്രഷറര്‍ സതീശന്‍ കെ. നന്ദിയും പറഞ്ഞു.