മുഴുവന്‍ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കി സമ്പൂര്‍ണ കുടിവെള്ള വിതരണ മണ്ഡലമെന്ന നേട്ടം കൈവരിച്ച് കല്യാശേരി മണ്ഡലം. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലൂടെയാണ് മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചത്. കല്യാശേരി, കണ്ണപുരം, ചെറുകുന്ന്, പട്ടുവം, മാടായി, മാട്ടൂല്‍, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, കടന്നപ്പള്ളി – പാണപ്പുഴ എന്നീ 10 പഞ്ചായത്തുകളിലായി ഇതുവരെ 44620 വീടുകളില്‍ കുടിവെള്ള കണക്ഷനുകള്‍ നല്‍കി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 184 കോടി രൂപയാണ് അനുവദിച്ചത്. 455 കി.മീറ്റര്‍ പുതിയ പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചു. അതോടൊപ്പം ചെറുതാഴം – കുഞ്ഞിമംഗലം കുടിവെള്ള പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 45 കോടിയും അനുവദിച്ചു. ഇതിന്റെ ഭാഗമായി എടാട്ട്, ശ്രീസ്ഥ, പടിക്കപ്പാറ എന്നിവിടങ്ങളില്‍ പുതിയ ജലസംഭരണികള്‍ നിര്‍മ്മിച്ചു. 43369 കണക്ഷന്‍ നല്‍കുന്നത് ലക്ഷ്യമാക്കി തുടങ്ങിയ പദ്ധതിയാണ് ഇപ്പോള്‍ മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം നല്‍കുന്ന നിലയില്‍ എത്തിയത്.
