അമീബിക് മസ്തിഷ്‌കജ്വരം ഉൾപ്പെടെ ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന്, ക്ലോറിനേഷൻ നടത്താത്ത ജില്ലയിലെ എല്ലാ സ്വകാര്യ, പൊതുകിണറുകളും ഒക്ടോബർ 10നകം ക്ലോറിനേറ്റ് ചെയ്യാൻ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ. രത്‌നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. പൊതുജനങ്ങൾ ഉപയോഗിക്കുന്ന നീന്തൽക്കുളങ്ങളും വാട്ടർതീം പാർക്കുകളും ക്ലോറിൻ അണുനാശിനികൾ ഉപയോഗിച്ച് ശുദ്ധീകരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പരിശോധന നടത്തും. ഇവയിലെ ജലത്തിൻ്റെ ഗുണനിലവാര പരിശോധന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പ് വരുത്തണം. ഒക്ടോബർ രണ്ട് മുതൽ ജില്ലയിൽ ജല ശുചിത്വ വാരമായി ആചരിക്കും.